തിരുവനന്തപുരത്തെ നിപ ആശങ്ക ഒഴിഞ്ഞു; മെഡിക്കൽ വിദ്യാർഥിയുടെ ഫലം നെഗറ്റീവ്
Thursday, September 14, 2023 6:46 AM IST
തിരുവനന്തപുരം: തലസ്ഥാനത്തെ നിപ വൈറസ് ആശങ്ക ഒഴിഞ്ഞു. സംശയകരമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്.
തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർഥിയെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
അതേസമയം, കോഴിക്കോട്ട് നിപ ആശങ്ക കൂടുകയാണ്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ സേവനം ചെയ്യുന്ന 24-കാരനായ ആരോഗ്യപ്രവർത്തകന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ, സംസ്ഥാനത്ത് ചികിത്സയിലുള്ള നിപ രോഗികളുടെ എണ്ണം മൂന്നായി ഉയർന്നു.
ആകെ 706 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളതെന്നും 13 പേർ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 11 പേരുടെ സ്രവ സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്കായി പുനെ വൈറോളജി ലാബിലേക്ക് അയച്ചത്.
സമ്പർക്കപ്പട്ടികയിലെ 76 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവർ വീടുകളിൽ തന്നെ ഐസലേഷനിൽ തുടരണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.