സൂപ്പർ സ്റ്റോക്സ്; റിക്കാർഡ് സെഞ്ചുറിയുമായി വമ്പൻ തിരിച്ചുവരവ്
Thursday, September 14, 2023 4:47 AM IST
ലണ്ടൻ: ഏകദിന ലോകകപ്പിൽ കളിക്കാനായി വിരമിക്കൽ തീരുമാനം ഉപേക്ഷിച്ചെത്തിയ സൂപ്പർ താരം ബെൻ സ്റ്റോക്സിന് റിക്കാർഡ് സെഞ്ചുറി. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 124 പന്തിൽ 182 റണ്‍സാണ് സ്റ്റോക്സ് അടിച്ചുകൂട്ടിയത്. ഏകദിനത്തിൽ ഇംഗ്ലീഷ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് സ്റ്റോക്സ് സ്വന്തം പേരിലാക്കിയത്.
വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ശേഷം കളിക്കുന്ന തന്റെ മൂന്നാം മത്സരത്തിലാണ് സ്റ്റോക്സ് തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയത്. ജേസണ്‍ റോയിയെ (180) മറികടന്നാണ് സ്റ്റോക്സ് ഏകദിനത്തിലെ ഉയര്‍ന്ന സ്കോറിന് ഉടമയായ ഇംഗ്ലണ്ട് താരമായത്. ഒമ്പത് സിക്സും 15 ഫോറുമടങ്ങുന്നതായിരുന്നു സ്റ്റോക്ക്സിന്റെ ഇന്നിംഗ്സ്.
സ്റ്റോക്സിന്റെ സെഞ്ചുറിയുടെ മികവിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ട് 181 റൺസിന്റെ ജയം നേടി. സ്റ്റോക്സിനൊപ്പം 95 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത ഡേവിഡ് മലാനും തിളങ്ങിയതോടെ ഇംഗ്ലണ്ട് 48.1 ഓവറില്‍ 368 റണ്‍സിലെത്തി. മറുപടി ബാറ്റിംഗിൽ കിവീസ് 187 റൺസിലൊതുങ്ങി.