ചേർത്തലയിൽ വൻ കഞ്ചാവ് വേട്ട; നാല് യുവാക്കൾ പിടിയിൽ
Wednesday, September 13, 2023 11:45 PM IST
ആലപ്പുഴ: ചേർത്തലയിൽ വൻ ലഹരിമരുന്ന് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി.
മാവേലിക്കര പള്ളിക്കൽ പ്രണവ് ഭവനിൽ പ്രവീൺ(കൊച്ചുപുലി-23), ചാരുംമൂട് വെട്ടത്തുചിറയിരം അനന്തകൃഷ്ണൻ(24), തെക്കേക്കര ശാന്ത്ഭവനിൽ മിഥുൻ(24), ഭരണിക്കാവ് സജിത് ഭവനിൽ സജിത്(21) എന്നിവരാണ് പിടിയിലായത്.
ചേർത്തല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി കായംകുളത്തേക്ക് ബസ് കാത്തുനിൽക്കുമ്പോഴാണ് യുവാക്കൾ പോലീസ് പിടിയിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് നാല് ലക്ഷം രൂപയിലധികം വില വരുമെന്ന് പോലീസ് അറിയിച്ചു. ഒഡീഷയിൽ നിന്നും തുച്ഛമായ വിലയ്ക്ക് കഞ്ചാവ് വാങ്ങി ആലപ്പുഴയിലുള്ള ചെറുകിട കച്ചവടക്കാർക്ക് 40,000 മുതൽ 70,000 രൂപയ്ക്കാണ് ഇവർ വിൽപന നടത്തിയിരുന്നത്.