ഇന്ത്യൻ വിദ്യാർഥിനി യുഎസിൽ കാറിടിച്ച് മരിച്ച സംഭവം; അധിക്ഷേപ പരാമർശവുമായി പോലീസുകാരൻ
Wednesday, September 13, 2023 10:56 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി അമിതവേഗത്തിലെത്തിയ പോലീസ് പട്രോൾ കാറിടിച്ച് മരിച്ച സംഭവത്തിൽ യുഎസ് പോലീസ് ഉദ്യോഗസ്ഥൻ അധിക്ഷേപ പരാമർശം നടത്തിയെന്ന് ആരോപണം.
സിയാറ്റിലിലെ സൗത്ത് ലേക്ക് യൂണിയൻ മേഖലയിൽ ജനുവരി 23-നാണ് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയും തെലുങ്കാന സ്വദേശിയുമായ ജാനവി കന്ദുല(23) പോലീസ് കാറിടിച്ച് മരിച്ചത്.
കെവിൻ ഡേവ് എന്ന പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാറിടിച്ചാണ് സീബ്രാ ക്രോസിംഗിലൂടെ നടക്കുകയായിരുന്ന ജാനവി കൊല്ലപ്പെട്ടത്. അപകടവിവരം അറിഞ്ഞ് സ്ഥലത്തേക്ക് പട്രോൾ കാറുമായി എത്തിയ ഡാനിയൽ ഓഡറർ എന്ന ഉദ്യോഗസ്ഥനാണ് വിദ്യാർഥിനിയുടെ മരണത്തെ അപഹസിക്കുന്ന തരതത്തിലുള്ള പരാമർശങ്ങൾ നടത്തിയത്.
അപകടസ്ഥലത്ത് നിന്നും തന്റെ ഉന്നത ഉദ്യോഗസ്ഥനുമായി ഓഡറർ നടത്തിയ സംഭാഷണത്തിന്റെ ശകലങ്ങൾ ഉദ്യോഗസ്ഥന്റെ ബോഡി കാമറയിൽ നിന്ന് ലഭിച്ചതോടെയാണ് വിവാദം ആരംഭിച്ചത്.
ജാനവിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന ഓഡറർ, നഗരാധികൃതർ എത്രയും വേഗം ഒരു ചെക്ക് എഴുതിക്കൊള്ളു എന്ന പരിഹസിച്ചു.
മരിച്ച വ്യക്തിയുടെ വംശീയ പശ്ചാത്തലവും പ്രായവും കണക്കിലെടുത്ത്, "പരിമിതമായ മൂല്യം' ആണ് വിദ്യാർഥിനിക്ക് ഉള്ളതെന്നും പരമാവധി 11,000 ഡോളർ നഷ്ടപരിഹാരം നൽകിയാൽ മതിയെന്നും ഓഡറർ അഭിപ്രായപ്പെട്ടു.
മനുഷ്യതരഹിതമായ തമാശയാണ് പോലീസുകാരൻ പറഞ്ഞതെന്ന് ആരോപിച്ച് ജാനവിയുടെ കുടുംബം രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
എന്നാൽ, തന്റെ വാക്കുകൾ തെറ്റിധരിക്കപ്പെട്ടതാണെന്നും ഇത്തരം കേസുകളിൽ അധികൃതർ സ്വീകരിക്കുന്ന നിസംഗതാ മനോഭാവത്തെ പുച്ഛിക്കുകയാണ് താൻ ചെയ്തതെന്നും ഓഡറർ വ്യക്തമാക്കി. മരിച്ച വ്യക്തിയെ ആക്ഷേപിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ സാഹചര്യം മനസിലാക്കാതെ കേട്ടാൽ തെറ്റിധരിക്കാനുള്ള സാധ്യത ഏറെയാണെന്നും ഓഡറർ കൂട്ടിച്ചേർത്തു.