നിപ: വൈറോളജി വിദഗ്ധര്‍ ഇന്നെത്തും; ആന്‍റിബോഡി വിമാനമാര്‍ഗം എത്തിക്കുമെന്നും ആരോഗ്യമന്ത്രി
വെബ് ഡെസ്ക്
Wednesday, September 13, 2023 10:55 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്കുള്ള സംവിധാനമുണ്ടെന്നും എന്നാല്‍ ഐസിഎംആര്‍ മാനദണ്ഡപ്രകാരമാണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പൂനയില്‍ നിന്നാണ് സാങ്കേതികമായി പ്രഖ്യാപിക്കേണ്ടതെന്നും നിപ രോഗികളുടെ റൂട്ട് മാപ്പ് ബുധനാഴ്ച രാവിലെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. രണ്ടാമത്തെ രോഗി മരിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് നിപ പരിശോധിക്കാൻ തീരുമാനിച്ചത്.
റൂട്ട് മാപ്പ് തയാറാക്കി സമ്പര്‍ക്ക പട്ടികയിലുള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പൂനയിലെ വൈറോളജി ലാബില്‍ നിന്നുള്ള വിദഗ്ധര്‍ ഇന്നെത്തുമെന്നും മൊബൈല്‍ ലാബ് ഉടന്‍ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
പൂന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും ചൊവാഴ്ച രാത്രി പരിശോധനാ ഫലം ലഭിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേ വാര്‍ഡില്‍ ഐസൊലേഷനായി 75 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നും പകര്‍ച്ചവ്യാധി പ്രതിരോധ സംഘം എത്തുമെന്നും കേന്ദ്ര സഹകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആന്‍റിബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മരുന്ന് വിമാനമാര്‍ഗം എത്തിക്കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.