മാസപ്പടി വിവാദം; കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാൻ ശ്രമമെന്ന് വി. മുരളീധരൻ
Tuesday, September 12, 2023 11:47 PM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ കേന്ദ്രസർക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് സിപിഎം ശ്രമമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
മാസപ്പടി വിവാദത്തിൽ വസ്തുതകൾക്ക് പകരം കേന്ദ്രസർക്കാരിന്റെ വേട്ടയാടലാണെന്ന് പറഞ്ഞ് രക്ഷപെടാൻ ആണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ ശ്രമം. മടിയിൽ കനമുള്ളതുകൊണ്ടാണ് ആരോപണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും മകളും നിയമനടപടി സ്വീകരിക്കാത്തതെന്ന് മുരളീധരൻ പറഞ്ഞു.
ഇന്റെറിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ അപമാനകരമാണെങ്കിൽ കോടതിയെ സമീപിച്ച് അവ നീക്കം ചെയ്യാൻ ശ്രമിക്കണം. കോടതികളെ സമീപിക്കാൻ മുഖ്യമന്ത്രിയോ മകളോ ബന്ധപ്പെട്ടവരോ തയാറാകുന്നില്ല. ആരോപണം തെറ്റാണെങ്കിൽ വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് എന്ത് കൊണ്ടാണെന്നും മുരളീധരൻ ചോദിച്ചു.
സഭയിൽ മുഖ്യമന്ത്രി എന്ത് പറഞ്ഞാലും വി .ഡി. സതീശനും കൂട്ടരും മിണ്ടില്ല. "പിണറായി വിജയന്റെ ഐശ്വര്യം വി .ഡി. സതീശൻ' എന്ന ബോർഡ് വയ്ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.