ബ്യൂട്ടി പാർലർ വ്യാജ ലഹരി കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി ഷീല സണ്ണിയുടെ ബന്ധു
Tuesday, September 12, 2023 7:02 PM IST
കൊച്ചി: ചാലക്കുടിയിൽ ഷീലാ സണ്ണി എന്ന സ്ത്രീയുടെ ബ്യൂട്ടി പാർലറിൽ നിന്ന് വ്യാജ ലഹരിമരുന്ന് കണ്ടെത്തിയ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് ഷീലയുടെ ബന്ധുവായ യുവതി.
ലഹരിമരുന്ന് കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് കാട്ടി ഷീലയുടെ മരുമകളുടെ അനുജത്തിയാണ് ഹർജി നൽകിയത്.
കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവതി ആരോപിച്ചു. അന്വേഷണം നിഷ്പക്ഷമല്ലെന്നും തന്നെ ബലിയാടാക്കാൻ എക്സൈസ് ശ്രമിക്കുന്നുവെന്നുമാണ് യുവതി ഹർജിയിൽ കുറിച്ചിരിക്കുന്നത്.
ഷീലയ്ക്ക് തന്റെ കുടുംബത്തോട് വ്യക്തിവിരോധമുണ്ട്. കടബാധ്യത തീർക്കാൻ 10 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടിരുന്നു. സഹോദരിയുടെ പേരിൽ ഭൂമി നൽകാനും നിർബന്ധിച്ചു. ഇതിന് തടസം നിന്നതിൽ തന്നോട് വിരോധമുണ്ടെന്നും തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നുമാണ് യുവതി ആരോപിക്കുന്നത്.
ഫെബ്രുവരി 27-നാണ് ഷീല സണ്ണിയുടെ ബ്യൂട്ടി പാർലറിൽ എക്സൈസ് സംഘം റെയ്ഡ് നടത്തി എൽഎസ്ഡി സ്റ്റാംപുകൾ പിടിച്ചെടുത്തത്. കണ്ടെത്തിയ സ്റ്റാംപുകൾ വ്യാജമെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും എക്സൈസ് സംഘം ഇത് മറച്ചുവച്ചതിനാൽ ഷീല 72 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു.
തന്നെ കുടുക്കുനായി മനഃപൂർവം വ്യാജ ലഹരിമരുന്ന് വച്ചതാണെന്നാണ് ഷീല ആരോപിക്കുന്നത്.