ഡീസൽ വാഹനങ്ങൾക്ക് വില കൂടുമോ ഇല്ലയോ? ജിഎസ്ടി വർധനവിൽ മലക്കംമറിഞ്ഞ് ഗഡ്കരി
Tuesday, September 12, 2023 6:14 PM IST
ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ നിലപാടുകളുടെ ഭാഗമായി ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം ജിഎസ്ടി വർധനവ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി.
ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം ജിഎസ്ടി ഉയർത്തുമെന്ന വാർത്തകൾ തെറ്റാണെന്നും അത്തരമൊരു നീക്കം കേന്ദ്ര സർക്കാർ ഉടനെങ്ങും പരിഗണിക്കില്ലെന്നും ഗഡ്കരി എക്സിൽ കുറിച്ചു. പാരമ്പര്യേതര ഊർജങ്ങളിലേക്ക് മാറേണ്ടത് അത്യാവശ്യമാണെന്നത് ഓർമപ്പെടുത്തിയാണ് ഗഡ്കരി കുറിപ്പ് അവസാനിപ്പിച്ചത്.
നേരത്തെ, സൊസൈറ്റി ഓഫ് ഓട്ടമൊബീൽ മാനുഫാക്ച്ചറേഴ്സ് ഡൽഹിയിൽ സംഘടിപ്പിച്ച യോഗത്തിലാണ് ജിഎസ്ടി വർധനവ് സംബന്ധിച്ച പ്രഖ്യാപനം ഗഡ്കരി നടത്തിയത്. ഇന്ന് വൈകിട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ കണ്ട് ഡീസൽ വാഹനങ്ങൾക്ക് നികുതി വർധിപ്പിക്കാനുള്ള കത്ത് നൽകുമെന്നാണ് ഗഡ്കരി അറിയിച്ചത്.
ഇതോടെ രാജ്യത്ത് ഡീസൽ വാഹനങ്ങൾക്ക് വില ഉയരുമെന്ന പ്രചരണം ശക്തമായി. ഇതോടോയൊണ് സംഭവത്തിൽ വ്യക്തതയുമായി ഗഡ്കരി രംഗത്തെത്തിയത്.