വർക്കിംഗ് കമ്മിറ്റി അംഗത്വം; മറ്റൊരാളായിരുന്നുവെങ്കിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നു: ചെന്നിത്തല
Tuesday, September 12, 2023 3:29 PM IST
തിരുവനന്തപുരം: കോണ്ഗ്രസ് പ്രവർത്തക സമിതി അംഗത്വ വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തന്റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ പാർട്ടിയിൽ വൻ പ്രതിസന്ധി ഉണ്ടാക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തക സമിതിയിൽ അംഗത്വം സംബന്ധിച്ച് തീരുമാനം എടുത്തത് ഉന്നതതലത്തിലാണ്. ഇക്കാര്യത്തിൽ കെ.സി.വേണുഗോപാൽ മാത്രം വിചാരിച്ചാൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ല. പ്രവർത്തക സമിതിയിൽ രമേശ് ചെന്നിത്തലയ്ക്ക് അംഗത്വം ഉണ്ടായിരിക്കുമെന്ന് വേണുഗോപാൽ മുന്പ് പറഞ്ഞിരുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ളതുകൊണ്ട് പ്രവർത്തക സമിതിയിൽ താനില്ലെങ്കിലും കുഴപ്പമില്ലെന്ന് ഒരുപക്ഷെ അവർ കരുതിയിരിക്കാമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വി.ഡി.സതീശനെ ഉൾപ്പെടുത്താതിരുന്നത് തെറ്റായിപ്പോയെന്ന തോന്നൽ തനിക്കിപ്പോഴുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സതീശൻ നൂറു ശതമാനം യോഗ്യനായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാരെ മത്സരിപ്പിക്കരുതെന്നും അനാവശ്യമായ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കേണ്ടതാണെന്നും ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിച്ചാൽ പാട്ടുംപാടി ജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കോണ്ഗ്രസ് പ്രവർത്തകസമിതി അംഗത്വ പ്രഖ്യാപനം വന്നപ്പോൾ മനസിൽ വിഷമവും നീരസവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലമായി പദവികളൊന്നുമില്ലെങ്കിലും പാർട്ടിയുടെ നന്മയ്ക്കും ജനങ്ങളുടെ നന്മയ്ക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമാണെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.