ആന്ധ്രയിൽ പോര് മുറുകുന്നു; ടിഡിപി എംഎൽഎമാർ വീട്ടുതടങ്കലിൽ
Monday, September 11, 2023 7:42 PM IST
അമരാവതി: നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആന്ധ്രാ പ്രദേശിൽ നടപടികൾ തുടർന്ന് വൈഎസ്ആർ കോൺഗ്രസ് സർക്കാർ.
ടിഡിപി ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഹർത്താലിന് നേതാക്കൾ നേതൃത്വം നൽകുന്നത് തടയാനായി പാർട്ടിയുടെ 21 എംഎൽഎമാരെയും പോലീസ് വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. വീടുകളിൽ നിന്ന് ഇവർ പുറത്തിറങ്ങാതിരിക്കാൻ വൻ പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാനായി സിആർപിസി 144-ാം വകുപ്പും പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഇതിനിടെ, ടിഡിപി നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. നായിഡുവിന് പിന്തുണയുമായി പവൻ കല്യാണിന്റെ ജനസേന പാർട്ടി അണികളും രംഗത്തിറങ്ങിയിരുന്നു.
ആന്ധ്രാ പ്രദേശ് സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ മറവിൽ നടന്ന 550 കോടി രൂപയുടെ അഴിമതിക്കേസിൽ ശനിയാഴ്ച പുലർച്ചെയാണ് നായിഡുവിനെ നന്ദ്യാൽ പോലീസ് അറസ്റ്റ് ചെയ്തത്.
വിജയവാഡ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയിൽ ഹാജരാക്കിയ നായിഡുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. രാജമുൻഡ്രി സെൻട്രൽ ജയിലിലാണ് നായിഡുവിനെ പാർപ്പിച്ചിരിക്കുന്നത്.