കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇന്ത്യയിൽനിന്നു മടങ്ങാനായില്ല
Sunday, September 10, 2023 9:27 PM IST
ന്യൂഡൽഹി: ജി 20 സമ്മേളനത്തിന് എത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് മടങ്ങാനായില്ല. വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ മൂലമാണ് അദ്ദേഹത്തിനു മടങ്ങാൻ സാധിക്കാതെ വന്നത്.
യാത്രയ്ക്കു തൊട്ടുമുൻപ് കനേഡിയൻ സൈനികരാണ് വിമാനത്തിന്റെ തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കും വരെ ട്രൂഡോ ഇന്ത്യയിൽ തങ്ങും.
ജി 20 സമ്മേളനത്തിനായി വെള്ളിയാഴ്ച രാത്രി പതിനാറുകാരനായ മകനൊപ്പമാണ് ട്രൂഡോ ഇന്ത്യയിലെത്തിയത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ട്രൂഡോയെയും മകൻ സേവ്യറിനെയും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് സ്വീകരിച്ചത്.
ജക്കാർത്ത, ഇന്തോനേഷ്യ, സിംഗപ്പുർ സന്ദർശനത്തിനുശേഷമാണ് ഇരുവരും ഇന്ത്യയിലെത്തിയത്. കൊണാട്ട്പ്ലേസിലെ ലളിത് ഹോട്ടലിലായിരുന്നു താമസം.
2018 ൽ ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗറിയും മൂന്നു മക്കളും ഇന്ത്യ സന്ദർശിച്ചിരുന്നു. 18 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് ട്രൂഡോയും ഭാര്യയും കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. 2005 ലാണ് ഇവർ വിവാഹിതരായത്.