ഈസ്റ്റർ ദിനത്തിലെ ആക്രമണം: പുതിയ അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്കൻ പ്രസിഡന്റ്
Sunday, September 10, 2023 6:46 PM IST
കൊളംബോ: ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ ദിനത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡന്റ് റനിൽ വിക്രമസിംഗെ. ആക്രമണത്തിന് തന്റെ നിലവിലെ ചാര മേധാവി പങ്കാളിയാണെന്ന് ബ്രിട്ടീഷ് ടെലിവിഷൻ ഡോക്യുമെന്ററി ഉന്നയിച്ച ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് (എസ്ഐഎസ്) തലവൻ സുരേഷ് സലേയാണ് 2019ലെ ഈസ്റ്റർ ഞായർ ആക്രമണത്തിന് നേതൃത്വം നൽകിയെന്നാണ് ആരോപണം. സംഭവം അന്വേഷിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ നിയമിക്കുകയാണെന്ന് റനിൽ വിക്രമസിംഗെ പറഞ്ഞു.
ഈ ആഴ്ച സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയിൽ 45 വിദേശികളടക്കം 279 പേരുടെ മരണത്തിനിടയാക്കിയ, മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലും ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ സല്ലയ്ക്ക് പങ്കാളിത്തമുണ്ടെന്ന് ആരോപിക്കുന്നത്.