രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നവർക്ക് വലിയ വില നൽകേണ്ടിവരും: രാഹുൽ ഗാന്ധി
Sunday, September 10, 2023 5:19 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്നവർക്ക് വലിയ വില നൽകേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നവർ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കുവാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും അവരുടെ പ്രവർത്തനങ്ങൾക്ക് വലിയ വില നൽകേണ്ടിവരും- രാഹുൽ പറഞ്ഞു. രാജ്യത്തെ ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ പേര് മാറ്റത്തിന് പിന്നിലെ ഉദ്ദേശ്യമാണ് പ്രധാനം.
പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഇന്ത്യയെന്നായതാണ് രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിൽ രണ്ട് പേരും ഉപയോഗിക്കുന്നുണ്ട്. രണ്ട് വാക്കുകളും മികച്ചവയാണ്.
പക്ഷേ, തങ്ങളുടെ സഖ്യത്തിന്റെ പേര് കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിച്ചിരിക്കാം. പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഇന്ത്യ എന്നാണ്. അതുകൊണ്ടാണ് അവർ രാജ്യത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്- രാഹുൽ പറഞ്ഞു. പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.