മഹാത്മാ ഗാന്ധിക്ക് ജി 20യുടെ ആദരം; ലോകനേതാക്കള്‍ രാജ്ഘട്ടില്‍
Sunday, September 10, 2023 9:14 AM IST
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ലോകനേതാക്കള്‍. ജി 20 ഉച്ചകോടിക്കെത്തിയ നേതാക്കളാണ് ഗാന്ധിജിയുടെ സ്മൃതി കുടീരമായ രാജ്ഘട്ടിലെത്തി ആദരമര്‍പ്പിച്ചത്.
വിവിധ രാഷ്ട്രതലവന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സബര്‍മതി ആശ്രമത്തിന്റെ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ് മോദി നേതാക്കളെ സ്വീകരിച്ചത്. ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തേക്കുറിച്ചടക്കം പ്രധാനമന്ത്രി നേതാക്കളോട് വിശദീകരിച്ചു.
സമാധാനത്തിന്റെ മതില്(പീസ് വോൾ) എന്ന പേരില്‍ ഇവിടെ പ്രത്യേകം തയാറാക്കിയിരിക്കുന്ന സ്ഥലത്ത് ലോകനേതാക്കള്‍ ഒപ്പ് വയ്ക്കും. നേതാക്കള്‍ക്ക് സ്മൃതികുടീരത്തില്‍ സമര്‍പ്പിക്കാനുള്ള റീത്തുകളും സജ്ജമാക്കിയിരുന്നു.
ഇവിടുത്തെ ചടങ്ങുകള്‍ക്ക് ശേഷം ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലേക്ക് നേതാക്കള്‍ തിരികെ എത്തും.