കാട്ടാക്കടയില്‍ പത്താം ക്ലാസുകാരന് കാറിടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തും
Sunday, September 10, 2023 8:50 AM IST
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരന് കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി പ്രിയരഞ്ജനെതിരേ കൊലക്കുറ്റം ചുമത്തും. ഇയാള്‍ക്കെതിരേ 302-ാം വകുപ്പ് ചുമത്താനാണ് തീരുമാനം.
കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പൂവച്ചലില്‍ ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് യുവാവ് ബന്ധുവായ 10 വയസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയത്. പൂവച്ചല്‍ സ്വദേശിയായ ആദിശേഖരന്‍ ആണ് മരിച്ചത്.
ഓഗസ്റ്റ് 31ന് പുളിങ്കോട് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ആദിശേഖരന്‍ വാഹനമിടിച്ച് മരിച്ചത്. സാധാരണ വാഹനാപകടം എന്ന നിഗമനത്തിലായിരുന്നു പോലീസും ആദിശേഖരന്റെ കുടുംബാംഗങ്ങളും എന്നതിനാല്‍ വിശദമായ അന്വേഷണം നടന്നിരുന്നില്ല.
അപകടത്തിന് പിന്നാലെ പ്രിയരഞ്ജന്റെ എസ്യുവി വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രിയരഞ്ജന് ഒളിവില്‍ പോയതിനാല്‍ ഇയാളുടെ ഭാര്യയാണ് കാറിന്റെ താക്കോല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുന്നതിനായി മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നരഹത്യാ സാധ്യത പോലീസിന് വെളിപ്പെട്ടത്. സൈക്കിളില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടിയെ, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മനഃപൂര്‍വം ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ വിശദമായി ചോദ്യംചെയ്തപ്പോള്‍, ക്ഷേത്ര മതിലിന് സമീപം പ്രിയരഞ്ജന് മൂത്രമൊഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും അറിഞ്ഞു.
ഇതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍, അപകടം നടന്ന ദിവസവും ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ച ശേഷമാണ് ഇയാള്‍ വാഹനത്തില്‍ കുട്ടിയുടെ അടുത്തേക്ക് എത്തിയതെന്നും വ്യക്തമായിരുന്നു.