ആന്ധ്രയിൽ സംഘർഷം; നായിഡുവിനെ കാണാനെത്തിയ പവൻ കല്യാണിനെ തടഞ്ഞ് പോലീസ്
Saturday, September 9, 2023 11:31 PM IST
അമരാവതി: ആന്ധ്രാ പ്രദേശ് സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ കാണാനായി ഹൈദരാബാദിൽ നിന്ന് ഗുണ്ടൂരിലേക്ക് തിരിച്ച ജനസേനാ പാർട്ടി നേതാവും നടനുമായ പവൻ കല്യാണിനെ പോലീസ് തടഞ്ഞു.
തെലുങ്കാന - ആന്ധ്രാ അതിർത്തിയിലെ എൻടിആർ ജില്ലയിലുള്ള ജഗ്ഗൈയാപേട്ട് മേഖലയിൽ വച്ചാണ് ആന്ധ്രാ പോലീസ് കല്യാണിന്റെ വാഹനവ്യൂഹം തടഞ്ഞത്. സംസ്ഥാനത്ത് പ്രവേശിക്കാൻ കല്യാണിന് അനുമതി ഇല്ലെന്ന് അറിയിച്ചതോടെ ജനസേനാ പ്രവർത്തകർ പോലീസുമായി സംഘർഷത്തിൽ ഏർപ്പെട്ടു.
തുടർന്ന് വാഹനം ഉപേക്ഷിച്ച കല്യാൺ, നായിഡുവിനെ പാർപ്പിച്ചിട്ടുള്ള ഗുണ്ടൂർ സിഐഡി ഓഫീസിലേക്കുള്ള 160 കിലോമീറ്ററോളം ദൂരം നടക്കാൻ തീരുമാനിക്കുകയായിരുന്നു. പോലീസ് വീണ്ടും തടഞ്ഞതോടെ കല്യാൺ റോഡിൽ കിടന്ന് പ്രതിഷേധം ആരംഭിച്ചു.
സംഘർഷാവസ്ഥ ഒഴിവാക്കാൻ കല്യാണിനെ അറസ്റ്റ് ചെയ്ത് സ്ഥലത്ത് നിന്ന് നീക്കിയേക്കുമെന്നാണ് സൂചന. നേരത്തെ, നായിഡുവിനെ കാണാൻ പ്രത്യേക വിമാനം ചാർട്ട് ചെയ്ത് വിജയവാഡയിൽ എത്താനുള്ള കല്യാണിന്റെ നീക്കം കൃഷ്ണാ ജില്ലാ പോലീസ് മേധാവി തടഞ്ഞിരുന്നു. ഇതോടെയാണ് കല്യാൺ റോഡ് മാർഗം ഗൂണ്ടൂരിലേക്ക് പുറപ്പെട്ടത്.
ഇതിനിടെ, കേസിൽ നായിഡുവിനെ ഒന്നാം പ്രതിയാക്കി സിഐഡി വിഭാഗം കുറ്റപത്രം പരിഷ്കരിച്ചു. നേരത്തെ കേസിൽ 37-ാം പ്രതിയായിരുന്നു നായിഡു.
സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ ഫണ്ട് നായിഡുവും മകൻ എൻ. ലോകേഷും ചേർന്ന് തങ്ങളുടെ സ്വകാര്യ കമ്പനികളിലേക്ക് വകമാറ്റിയെന്ന് ആരോപിച്ച് ഞായറാഴ്ച പുലർച്ചെയാണ് ആന്ധ്രാ പോലീസിന്റെ സിഐഡി വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.