ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ്; രാഷ്ട്രപതിക്കും കേന്ദ്രത്തിനും കത്തെഴുതി ടിഡിപി
Saturday, September 9, 2023 7:03 PM IST
അമരാവതി: തെലുങ്ക് ദേശം പാർട്ടി നേതാവും ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് കത്ത് നൽകി ടിഡിപി.
നായിഡുവിന്റെ അറസ്റ്റ് അനധികൃതമാണെന്നും വിഷയത്തിൽ ഇടപെടണമെന്നുമാണ് രാഷ്ട്രപതിയോടും കേന്ദ്ര നേതാക്കളോടും ടിഡിപി പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 45 വർഷമായി സംശുദ്ധ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന നായിഡുവിനെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഇത് അനധികൃത നടപടിയാണെന്നുമാണ് പാർട്ടി ആരോപിക്കുന്നത്.
ആന്ധ്രാ പ്രദേശ് സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ ഇന്ന് പുലർച്ചെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് നന്ദ്യാൽ പോലീസ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. പാർട്ടി പ്രവർത്തകരുടെ വലിയപ്രതിരോധം ഭേദിച്ചാണ് പോലീസ് നായിഡുവിനെ കസ്റ്റഡിയിലെടുത്തത്.
റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡി ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റ(സിഐഡി) നേതൃത്വത്തിൽ പുലർച്ചെ മൂന്നോടെ നായിഡുവിനെ കസ്റ്റഡിയിലെടുക്കാൻ നന്ദ്യാലിലെ ആർകെ ഹാളിലെത്തി. ഈ സമയം അദ്ദേഹം കാരവാനിൽ വിശ്രമിക്കുകയായിരുന്നു. നായിഡുവിന് അടുത്തേക്ക് എത്താൻ പോലീസിനെ ടിഡിപി പ്രവർത്തകർ അനുവദിച്ചില്ല.
തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ പോലീസിനെ തടഞ്ഞു. നായിഡുവിന് സുരക്ഷയൊരുക്കുന്ന എസ്പിജിയും പോലീസിനെ തടഞ്ഞു. ചട്ടങ്ങൾ പ്രകാരം പുലർച്ചെ 5.30 വരെ ആരെയും നായിഡുവിനടുത്തേക്ക് വിടില്ലെന്ന് എസ്പിജി നിലപാടെടുത്തു. ഒടുവിൽ രാവിലെ ആറോടെ കാരാവാനിൽനിന്നും പോലീസ് നായിഡുവിനെ പുറത്തിറക്കി അറസ്റ്റ് ചെയ്തു. പിന്നീട് വിജയവാഡയിലേക്ക് കൊണ്ടുപോയി.