"യാഥാർഥ്യം മറച്ചുവയ്ക്കേണ്ട'; ജി-20 സമ്മേളന "മുഖംമൂടലി'ൽ നയം വ്യക്തമാക്കി രാഹുൽ ഗാന്ധി
Saturday, September 9, 2023 6:20 PM IST
ന്യൂഡൽഹി: ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഡൽഹി നഗരത്തിൽ കേന്ദ്ര സർക്കാർ നടത്തിയ "മുഖംമിനുക്കൽ' പ്രക്രിയയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയും മൃഗങ്ങളെയും കേന്ദ്ര സർക്കാർ ഒളിപ്പിച്ചുവയ്ക്കുകയാണെന്ന് രാഹുൽ എക്സിൽ കുറിച്ചു. ഇന്ത്യയിലെ യാഥാർഥ്യങ്ങൾ അതിഥികളിൽ നിന്ന് മറച്ചുവയ്ക്കേണ്ട ആവശ്യമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
സമ്മേളനത്തിന് മുമ്പായി ഡൽഹി നഗരത്തിലെ ചേരിപ്രദേശങ്ങൾക്ക് മുകളിൽ പച്ച വിരിപ്പ് പുതച്ച് സർക്കാർ മറച്ചിരുന്നു. വഴിയോരത്ത് താമസിച്ചിരുന്ന പാവപ്പെട്ടവരെയും തെരുവുമൃഗങ്ങളെയും നഗരസൗന്ദര്യവത്കരണത്തിന്റെ പേരിൽ അധികൃതർ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഈ നടപടികൾ വ്യാപക വിമർശനത്തിന് വിധേയമായതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.