ലോകനേതാക്കളെത്തി; ജി 20 ഉച്ചകോടി ഇന്ന്
ജോർജ് കള്ളിവയലിൽ
Saturday, September 9, 2023 7:15 AM IST
ന്യൂഡൽഹി: പുതുചരിത്രം രചിച്ച് ജി 20 ലോക രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ ഇന്നു തുടക്കം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഉൾപ്പെടെയുള്ള ലോകനേതാക്കളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചർച്ച ചെയ്തു. സമാപനദിവസമായ ഞായറാഴ്ച പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയിൽ റഷ്യ- യുക്രെയ്ൻ യുദ്ധം അടക്കമുള്ള പ്രശ്നങ്ങളിൽ സമവായമുണ്ടാക്കാൻ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രഗതി മൈതാനിയിലെ ഭാരത മണ്ഡപത്തിലെ വേദിയിൽ ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ലോകനേതാക്കളെ രാവിലെ 9.30 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു സ്വാഗതം ചെയ്യുന്നതോടെയാണ് രണ്ടു ദിവസത്തെ പരിപാടികൾ ആരംഭിക്കുക. ഓരോ നേതാക്കളോടൊപ്പവും മോദി വേദിയിൽ പ്രത്യേകം ഫോട്ടോകൾക്കു പോസ് ചെയ്യും.
തുടർന്ന് 10.30ന് നടക്കുന്ന ആദ്യ ഉച്ചകോടി സമ്മേളനത്തിൽ ജി 20ന്റെ തലവനായ ഇന്ത്യൻ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനും നാളെ രാവിലെ 10.30നും രാഷ്ട്രനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി സമ്മേളനം നടക്കും. യൂറോപ്യൻ യൂണിയൻ അടക്കം 20 അംഗരാജ്യങ്ങളുള്ള ജി 20ലേക്ക് ആഫ്രിക്കൻ യൂണിയനെ കൂടി ഉൾപ്പെടുത്താൻ ഉച്ചകോടി തീരുമാനിച്ചേക്കും.
ലോക നേതാക്കൾക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ഭാരത് മണ്ഡപത്തിൽ ഇന്നു രാത്രി നടത്തുന്ന അത്താഴവിരുന്നിലേക്ക് മുൻ പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഗൗതം അദാനി, മുകേഷ് അംബാനി അടക്കമുള്ള 500 വ്യവസായ പ്രമുഖർ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ മാത്രം ഒഴിവാക്കിയത് കല്ലുകടിയായി. ഉച്ചകോടിക്കെത്തിയ 40 രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ഇന്നുച്ചയ്ക്ക് കേന്ദ്രസർക്കാർ ഉച്ചഭക്ഷണവും നൽകുന്നുണ്ട്. നാളെ രാവിലെ എല്ലാ രാഷ്ട്രനേതാക്കളും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യും.
ഉച്ചകോടി സമ്മേളനത്തിനു മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി 31 സായുധ ഡ്രോണുകൾ വാങ്ങുന്നത് അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി മോദി ഇന്നലെ രാത്രി നടത്തിയ ഉഭയകക്ഷി ചർച്ച വൻവിജയമായെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. 15 രാജ്യങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ഡൽഹിയിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഇതര ലോകരാജ്യങ്ങളെക്കൂടി ചേർത്ത് ഒരേ ഭാവിക്കായുള്ള സഖ്യം (വണ് ഫ്യൂച്ചർ അലയൻസ്) എന്ന ലക്ഷ്യത്തോടെ കൊണ്ടുവരാൻ ഇന്ത്യ ലക്ഷ്യമിടുന്ന പൊതു ഡിജിറ്റൽ സംരംഭമായ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (ഡിപിഐ) കാര്യത്തിലും ഉച്ചകോടിയിൽ ക്രിയാത്മക സഹകരണം ഉണ്ടാകുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ ഹർഷ് വർധൻ ശ്രിംഗ്ല അറിയിച്ചു.
ഉച്ചകോടി സമ്മേളനത്തിനായി ഡൽഹിയിലെത്തിയ ലോകനേതാക്കൾക്ക് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. ഭാര്യ അക്ഷതാ മൂർത്തിയോടൊപ്പം എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി സുനാക്കിനെ കേന്ദ്രമന്ത്രി അശ്വിനി ചൗബെയാണു സ്വീകരിച്ചത്.