രാഷ്ട്രപതിയുടെ ജി 20 അത്താഴവിരുന്നിൽ ഖാർഗെയ്ക്കു ക്ഷണമില്ല
Saturday, September 9, 2023 4:41 AM IST
ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു നടത്തുന്ന അത്താഴവിരുന്നിലേക്ക് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയ്ക്കു ക്ഷണമില്ല. രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാബിനറ്റ് റാങ്കിലുള്ള ഖാർഗയെ ചടങ്ങിൽനിന്ന് ഒഴിവാക്കിയത്.
കേന്ദ്രത്തിലെ കാബിനറ്റ് മന്ത്രിമാർ, സഹമന്ത്രിമാർ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർക്ക് അത്താഴവിരുന്നിലേക്ക് ക്ഷണമുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗ്, എച്ച്.ഡി. ദേവഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. മുഴുവൻ സെക്രട്ടറിമാരും മറ്റു വിശിഷ്ട വ്യക്തികളും അതിഥികളുടെ പട്ടികയിലുണ്ട്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർ അത്താഴവിരുന്നിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. ശനിയാഴ്ച ഭാരത് മണ്ഡപത്തിലാണ് അത്താഴവിരുന്ന് ഒരുക്കിയിരിക്കുന്നത്.
ക്ഷണിക്കപ്പെട്ട അതിഥികളെല്ലാവരും വൈകുന്നേരം ആറിനുള്ളിൽ പാർലമെന്റ് ഹൗസിൽ എത്തിച്ചേരണമെന്നാണു നിർദേശം. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. അതിഥികളെ ഭാരത മണ്ഡപത്തിലേക്കും അവിടെനിന്ന് തിരിച്ചും കൊണ്ടുപോകാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.