ഇസിജി എടുക്കണേൽ പാമ്പാടിക്ക് പോരൂ; വാസവനോട് രാഹുൽ മാങ്കൂട്ടത്തിൽ
Friday, September 8, 2023 6:57 PM IST
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇടതുപക്ഷത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കണ്ടിട്ട് മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് അത്യാവശ്യത്തിന് ഇസിജി എടുക്കണമെന്ന് തോന്നിയാൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രിയിലേക്ക് സ്വാഗതമെന്ന് രാഹുൽ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനം വാനോളം ഉയര്‍ത്തുന്ന നേട്ടമാണിത്. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ റോഡുകൾ കുറച്ച് കുണ്ടും കുഴിയും നിറഞ്ഞതാണെങ്കിലും ഉമ്മൻ ചാണ്ടിയും യുഡിഎഫും ജനങ്ങളുമായുള്ള റോഡ് വളരെ സ്മൂത്തായി പോകുന്നുവെന്ന് മനസിലാക്കാമെന്നും യുവ കോൺഗ്രസ് നേതാവ് പറഞ്ഞു.
മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുതുപ്പള്ളിയില്‍ ഇസിജി എടുക്കാന്‍ പോലും സൗകര്യമില്ലെന്ന് വി എന്‍ വാസവന് പറഞ്ഞിരുന്നു. ഇതിനു മറുപടിയാണ് ചാണ്ടി ഉമ്മന്റെ വിജയാഘോഷ പ്രകടനത്തിനിടെ ഇട്ട ഫേസ്ബുക്ക് വീഡിയോയിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.