വിവാദങ്ങളിൽ തട്ടി വീഴ്ത്താതെ പുതുപ്പള്ളി; അപ്പായുടെ മകന് മിന്നും ജയം
Friday, September 8, 2023 11:24 AM IST
കോട്ടയം: വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കേട്ട് തുടങ്ങിയത്. ഇരുമുന്നണികളിലും നിന്നുള്ളവർ സൈബർ ആക്രമണവും വാക്പോരുകളും വഴി കത്തികയറിയത് പല വിഷയങ്ങൾ കൊണ്ടായിരുന്നു.
എന്നാൽ അതിൽ ഏറ്റവും ഉയർന്ന് ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദമായിരുന്നു. ഉമ്മൻചാണ്ടിയ്ക്ക് ചികിത്സ നിഷേധിച്ചുവെന്നും കൃത്യമായ കരുതൽ നൽകിയില്ലെന്നും തരത്തിൽ വാർത്തകൾ പരന്നു. എന്നാൽ വിവാദങ്ങൾ ഉയർത്തിയവരുടെയെല്ലാം നാവുകൾ നിശബ്ദരാക്കി കൊണ്ടാണ് ചാണ്ടി ഉമ്മനും കുടുംബവും പ്രതികരിച്ചത്.
ചാണ്ടി ഉമ്മനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തി നാലുവോട്ടുനേടി മുഖം രക്ഷിക്കാനുള്ള സിപിഎമ്മിന്റെ അവസാന അടവാണ് ഇത്തരം ദുഷ്പ്രചാരണങ്ങളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
ഒപ്പം മകൾ അച്ചു ഉമ്മനെയും വിവാദങ്ങളിലേക്ക് സൈബർ പോരാളികൾ വലിച്ചിഴച്ചു. വിലകൂടിയ വസ്ത്രങ്ങളും ബ്രാൻഡഡ് ബാഗുകളുമാണ് അച്ചു ഉപയോഗിക്കുന്നതെന്നായിരുന്നു സൈബർ ഇടങ്ങളിൽ പരന്നത്. എന്നാൽ വ്യക്തമായും സുതാര്യമായും അത്തരം വിവാദങ്ങളെ അച്ചുവും നേരിട്ടു.
അതേസമയം ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസിനെതിരേയും വിവാദവാർത്തകൾ പടച്ചുവിട്ടിരുന്നു. ജെയ്കിന്റെ സ്വത്ത് സംബന്ധമായിട്ടാണ് ആദ്യ വിവാദം ഉയർന്നത്. ഒപ്പം ജെയ്കിന്റെ ഭാര്യ ഗീതുവിനെതിരേയും സമൂഹമാധ്യമങ്ങളിൽ ആക്രമണം നടന്നു.
ഗീതു വോട്ട് അഭ്യർഥിക്കുന്ന വീഡിയോ ഉള്പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. ഒൻപതു മാസം ഗർഭിണിയായ തന്നെ ‘ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്നു പരിഹസിച്ചത് ഏറെ വേദനിപ്പിച്ചതായി ഗീതു പറഞ്ഞിരുന്നു.
ഗീതുവിന്റെ പരാതിയിൽ ഫാന്റം പൈലി എന്ന ഫേസ്ബുക്ക് പേജ് അഡ്മിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.