ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മുഖത്തേറ്റ പ്രഹരമാണിത്: അച്ചു ഉമ്മൻ
Friday, September 8, 2023 10:16 AM IST
പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയെ മൃഗീയമായി വേട്ടയാടിയവർക്ക് മുഖത്തേറ്റ പ്രഹരമാണ് പുതുപ്പള്ളി നൽകുന്ന ലീഡ് നിലയെന്ന് അച്ചു ഉമ്മൻ. കരോട്ടുവള്ളക്കാലിലെ വീട്ടിൽ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഉമ്മൻ ചാണ്ടി പിന്നിൽ നിന്നും നയിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിന് നൽകിയ ഏറ്റവും വലിയ ബഹുമതിയാണ് ഇന്ന് കാണുന്നത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മൃഗീയമായി, അതിക്രൂരമായി വേട്ടയാടി. അവർക്കുള്ള മുഖത്തേറ്റ കനത്ത പ്രഹരമാണ് ഈ വിജയം.
53 കൊല്ലം ഉമ്മൻ ചാണ്ടി ഈ മണ്ഡലത്തിൽ എന്തുചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇത്. അതിനുള്ള മറുപടി പുതുപ്പള്ളി ഇന്ന് തന്നുകഴിഞ്ഞു.
ജനം പ്രതികരിച്ചു കഴിഞ്ഞു. ഇത്രയും കൊല്ലം ഉമ്മൻ ചാണ്ടി കൈവെള്ളയിൽ കൊണ്ടുനടന്ന പുതുപ്പള്ളി ഇനി ചാണ്ടിയുടെ കൈകളിൽ ഭദ്രമാണ്. സമാനതകളില്ലാത്ത വിജയം നൽകിയ എല്ലാവരോടും നന്ദി എന്നും അച്ചു ഉമ്മൻ പറഞ്ഞു.