"പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതം': എ.കെ ബാലന്
വെബ് ഡെസ്ക്
Friday, September 8, 2023 9:36 AM IST
തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സിപിഎം. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോ എന്നും പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതമാകുമെന്നും എ.കെ ബാലന് പറഞ്ഞു.
ഇത്തവണ പുതുപ്പള്ളിയില്‍ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. ഉമ്മന്‍ ചാണ്ടി 53 വര്‍ഷം കൈവശം വച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മുന്നിലാണ്. അയര്‍ക്കുന്നത്തെ ഫലം എന്താകുമെന്ന് കോണ്‍ഗ്രസിലടക്കം ആശങ്കയുണ്ടായിരുന്നപ്പോഴാണ് ഏവരേയും അത്ഭുതപ്പെടുത്തി ചാണ്ടി ഉമ്മന്‍ വിജയക്കുതിപ്പ് നടത്തുന്നത്.
ചാണ്ടി ഉമ്മന്റെ ആധിപത്യത്തിന് മുന്നില്‍ എല്‍ഡിഎഫ് കിതയ്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരു ഘട്ടത്തില്‍ പോലും ജെയ്ക് സി. തോമസിന് മുന്നിലേക്ക് വരാന്‍ സാധിക്കാതിരുന്നത് ഇടതു പക്ഷത്തിന് വന്‍ പ്രഹരമായിരിക്കുകയാണ്.
കഴിഞ്ഞ തവണ എല്‍ഡിഎഫിന് മേല്‍കൈ ലഭിച്ച ബൂത്തുകളില്‍ പോലും ചാണ്ടി ഉമ്മനെന്ന കന്നിയങ്കക്കാരന് വന്‍ തരംഗമായി മാറിയിരിക്കുന്നു.