റെയിൽവേ ജോലികൾക്കെത്തിച്ച പാറമോഷണം: രണ്ടുപേർ അറസ്റ്റിൽ
Friday, September 8, 2023 6:16 AM IST
തിരുവനന്തപുരം: റെയിൽവേയുടെ നവീകരണ ജോലികൾക്കായി എത്തിച്ച പാറ ടിപ്പർ ലോറിയിൽ കടത്തിക്കൊണ്ടുപോയ രണ്ടു പേർ അറസ്റ്റിൽ.
നെയ്യാറ്റിൻകര മാങ്കോട്ടുകോണം സാം നിവാസിൽ സാം രാജ് (27), കാരോട്ടുകോണം സ്വദേശി ടി. അജി (33) എന്നിവരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തത്.
നാഗർകോവിൽ തിരുവനന്തപുരം സെക്ഷനിൽ പാത ഇരട്ടപ്പിക്കലിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി റെയിൽവേ എത്തിച്ച പാറയാണ് ഇവർ മോഷ്ടിച്ചു കടത്തിയത്. പാറ കടത്തുന്നതിന് ഇവർ ഉപയോഗിച്ച ടിപ്പർ ലോറിയും പിടിച്ചെടുത്തു.
പാത ഇരട്ടിപ്പിക്കൽ നിർമാണം നടക്കുന്ന പാറശാലയ്ക്കും നെയ്യാറ്റിൻകരയ്ക്കും ഇടയിലുള്ള റെയിൽവേയുടെ ഭൂമിയിൽനിന്നും നിർമാണ സാമഗ്രികൾ മോഷണം പോകുക പതിവായിരുന്നു.
ബുധനാഴ്ച ഇവിടെ നിന്നും 18,000 രൂപ വില വരുന്ന മൂന്നു ലോഡ് പാറയാണ് മോഷണം പോയത്. സംഭവത്തെത്തുടർന്ന് ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ സംഘം പിടിയിലായത്.
അമരവിള നാടൂർകൊല്ലം റെയിൽവേ ട്രാക്കിനു സമീപത്തുനിന്നും പാറ കടത്താനുള്ള ശ്രമത്തിനിടയിലായിരുന്നു ആർപിഎഫ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിൻകര സ്വദേശിയായ വ്യക്തിയുടെ വസ്തുവിലാണ് പാറ എത്തിച്ചതെന്നു പിടിയിലായവർ മൊഴി നൽകി. തുടർന്ന് ആർപിഎഫ് സംഘം ഇവിടെ എത്തി രണ്ടു ലോഡ് പാറ പിടിച്ചെടുത്തു.
തൊണ്ടിമുതലും പ്രതികളെയും കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു. പാത ഇരട്ടിപ്പിക്കലിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്ന പലയിടത്തും സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നതായി ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
മോഷണം തടയാനും കുറ്റക്കാരെ കണ്ടെത്താനുമായി ആർപിഎഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിക്കുന്നവർക്കും അത് വാങ്ങി ഉപയോഗിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നു ആർപിഎഫ് സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മീഷണർ തൻവി പ്രഫുൽ ഗുപ്ത അറിയിച്ചു. ഇതിനായി പരിശോധന ശക്തമാക്കുമെന്നും കമ്മീഷ് ണർ അറിയിച്ചു.