കണ്ണിന് ചികിത്സ; പിടി സെവനെ കൂടിന് പുറത്തിറക്കി
Thursday, September 7, 2023 4:47 PM IST
പാലക്കാട്: കണ്ണിന് ചികിത്സ നല്‍കാനായി പിടി സെവന് ആനയെ കൂടിന് പുറത്തിറക്കി. പാലക്കാട് ധോണിയില്‍ വനംവകുപ്പ് പിടികൂടി സംരക്ഷിച്ചുവരുന്ന ആനയെ ഏഴര മാസത്തിനുശേഷമാണ് കൂടിന് പുറത്തിറക്കുന്നത്.
ചീഫ് വെറ്റിനറി സര്ജന് ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലാണ് ആനയെ പുറത്തിറക്കിയത്. ആനയുടെ ഇടതു കണ്ണിന് കാഴ്ച നഷ്ടമായിരുന്നു.
നേരത്തെ, ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് ആനയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആനയുടെ സംരക്ഷണ ചുമതലയുള്ള വനംവകുപ്പ് ശസ്ത്രക്രിയ നടത്തി ആനയുടെ കാഴ്ച വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു.
ഇതിനായി വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിവരുന്നതിനിടെ പിടി സെവന് കാഴ്ച വീണ്ടെടുക്കുന്നുവെന്ന് വെറ്റിനറി സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ഇടതു കണ്ണിന് ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി ആനയെ കൂടിന് പുറത്തിറക്കിയത്.