സോണിയയുടെ കത്തിന് പാർലമെന്ററികാര്യ മന്ത്രിയുടെ വിമർശനം
Wednesday, September 6, 2023 11:08 PM IST
ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷവുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ടുള്ള കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്തിനെ വിമർശിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി രംഗത്ത്.
കത്തിലൂടെ സോണിയ ഗാന്ധി പാർലമെന്റ് സമ്മേളനത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. പ്രതിപക്ഷവുമായി സമ്മേളനത്തിന് മുമ്പ് അജണ്ട ചർച്ച ചെയ്യാറില്ല.
സർക്കാരിന്റെ വിവേചനാധികാരമാണ് അജണ്ട നിശ്ചയിക്കലെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തിന് മുൻപ് പ്രതിപക്ഷവുമായി അജണ്ട ചർച്ച ചെയ്ത കീഴ് വഴക്കം ഇതുവരെയില്ലെന്നും പിന്നെയെന്താണ് ഇപ്പോൾ ഇങ്ങനെയെന്നും പ്രഹ്ലാദ് ജോഷി ചോദിച്ചു.