നേതാജിയുടെ സഹോദരന്റെ ചെറുമകൻ ബിജെപി വിട്ടു
Wednesday, September 6, 2023 6:00 PM IST
കോൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ചെറുമകനും ബിജെപി പശ്ചിമ ബംഗാൾ മുൻ വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാർ ബോസ് പാർട്ടി അംഗത്വം ഉപേക്ഷിച്ചു.
കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും ബംഗാളിന്റെ വളർച്ചയ്ക്കായി താൻ തയാറാക്കിയ വിശദമായ പദ്ധതിരേഖ പാർട്ടി തള്ളിയെന്നും രാജി പ്രഖ്യാപനത്തിനിടെ ബോസ് ആരോപിച്ചു.
നേതാജിയുടെയും തന്റെ മുത്തച്ഛനായ ശരത്ചന്ദ്ര ബോസിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കാൻ ബിജെപി അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ ബിജെപിയിൽ തുടരാൻ തന്റെ മനസാക്ഷി അനുവദിക്കുന്നില്ല. ബിജെപിയുടെ സംഘടനാസംവിധാനത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ "ആസാദ് ഹിന്ദ് മോർച്ച' സ്ഥാപിക്കാനുള്ള അനുമതി തരാമെന്ന ധാരണയും പാർട്ടി ലംഘിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത സഹോദരനും ആചാര്യനുമായ തന്റെ മുത്തച്ഛൻ ശരത്ചന്ദ്ര ബോസിന്റെ 134-ാം ജന്മവാർഷികത്തിലാണ് ബിജെപി വിടാനുള്ള തീരുമാനം എടുത്തതെന്നും ചന്ദ്രകുമാർ ബോസ് വ്യക്തമാക്കി.