സ്ത്രീകൾക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കും: ഉപരാഷ്ട്രപതി
Wednesday, September 6, 2023 4:04 AM IST
ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്തുമെന്നും ഉപരാഷ്ട്രപതി ജയ്പുരിൽ പറഞ്ഞു.
18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന. 2047 ഓടെ നമ്മൾ ഒരു ആഗോള ശക്തിയാകും. എന്നാൽ, ഈ സംവരണം നടപ്പായാൽ 2047നു മുന്പുതന്നെ നമ്മൾ ഒന്നാം സ്ഥാനത്തെത്തും.
നിലവിൽ പഞ്ചായത്ത്, മുനിസിപ്പൽ ഉൾപ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ത്രീകൾക്ക് മൂന്നിലൊന്നു സംവരണമുണ്ട്. ഇതു കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ സ്ത്രീകൾ ശ്രദ്ധിക്കണമെന്നും ജഗദീപ് ധൻകർ പറഞ്ഞു.