നായ കടിച്ച വിവരം മാതാപിതാക്കളിൽ നിന്ന് ഒളിച്ചുവച്ചു; കൗമാരക്കാരന് ദാരുണാന്ത്യം
Wednesday, September 6, 2023 1:41 AM IST
ന്യൂഡൽഹി: നായ കടിച്ച സംഭവം മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ച കൗമാരക്കാരൻ പേവിഷ ബാധയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
എട്ടാം ക്ലാസ് വിദ്യാർഥിയായ ഷാനവാസ് (14) ആണ് മരിച്ചത്. വിജയ് നഗർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ചരൺ സിംഗ് കോളനിയിൽ താമസിക്കുന്ന ഷാനവാസിനെ ഒന്നര മാസം മുമ്പ് അയൽവാസിയുടെ നായ കടിച്ചു. എന്നാൽ ഭയന്ന് പോയ കുട്ടി മാതാപിതാക്കളിൽ നിന്ന് ഈ വിവരം മറച്ചുവച്ചു.
കുറച്ചുനാളുകൾക്ക് ശേഷം അസ്വാഭാവികമായി പെരുമാറാൻ തുടങ്ങിയ കുട്ടി സെപ്തംബർ ഒന്നിന് ഭക്ഷണം കഴിക്കുന്നത് നിർത്തി. ഇതേതുടർന്ന് വിവരം ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് അയൽവാസിയുടെ നായ കടിച്ചതാണെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞത്.
ഷഹ്വാസിനെ വീട്ടുകാർ ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചില്ല. ഒടുവിൽ ബുലന്ദ്ഷഹറിലെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയി.
ആംബുലൻസിൽ ഗാസിയാബാദിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും നായയുടെ ഉടമയ്ക്കെതിരെ നടപടിയെടുക്കുമെന്നും കോട്വാലി സോൺ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു.