ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ബുധനാഴ്ച
Tuesday, September 5, 2023 10:32 PM IST
ആറന്മുള: അഷ്ടമിരോഹിണിയോട് അനുബന്ധിച്ച് ബുധനാഴ്ച നടക്കുന്ന വള്ളസദ്യയിൽ ഒരുലക്ഷത്തിലേറെ ആളുകള്‍ പങ്കാളികളാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ സമൂഹസദ്യ ഉദ്ഘാടനം ചെയ്യും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ് അഷ്ടമിരോഹിണിനാളില്‍ ആറന്മുളയില് നടക്കുന്നത്. പമ്പാനദിക്കരയിലെ 51 പള്ളിയോടങ്ങളിലായി കരക്കാര് ക്ഷേത്രക്കടവിലെത്തി സദ്യയില്‍ പങ്കാളികളാകും.
പള്ളിയോടസേവാസംഘവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അഷ്ടമിരോഹിണി വള്ളസദ്യക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. പ്രശസ്ത സദ്യ കരാറുകാരനായ സോപാനം സി. കെ. ഹരിചന്ദ്രന്റെ കീഴില്‍ മുന്നൂറോളം വിദഗ്ധ പാചക തൊഴിലാളികളാണ് ക്ഷേത്രത്തിനുള്ളിലെ സദ്യ പാചകം ചെയ്യുന്നത്.
ക്ഷേത്രത്തിന് പുറത്തെ സദ്യയ്ക്ക് സാന്ദ്ര കെ. കെ. രവിയുടെ നേതൃത്വത്തിലാണ് പാചകം. അമ്പലപ്പുഴ അരവിന്ദാക്ഷന് നായരുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ പാല്‍പ്പായസം തയാറാക്കുന്നത്. നാല്പതിലധികം വിഭവങ്ങളോടെയാണ് സദ്യ തയാറാകുന്നത്. 51 പള്ളിയോട കരകളില്‍നിന്നും ഭക്തജനങ്ങളില്‍നിന്നും വിഭവങ്ങള്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചാണ് സദ്യ ഒരുക്കുന്നത്.