പോലീസിന് നേരെ ആക്രമണം; കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍
Tuesday, September 5, 2023 10:04 PM IST
കാസര്‍ഗോഡ്: പോലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍. മഞ്ചേശ്വരം ഡിവിഷന് മെംബറും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാൻ(34) ആണ് അറസ്റ്റിലായത്.
കാസര്‍ഗോഡ് ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ അഞ്ചാം പ്രതിയാണ് അബ്ദുള്‍ റഹ്മാന്. മറ്റു പ്രതികളായ ഉപ്പള സ്വദേശികളായ റഷീദ്, അഫ്സല്, സത്താര്‍, നൂര്‍ അലി എന്നിവര്‍ക്കായുള്ള അന്വേഷണം പോലീസ് ശക്തമാക്കി.
ഉപ്പള ഹിദായത്ത് നഗറില്‍ ഞായറാഴ്ച രാത്രി 12.30-ഓടെയാണ് സംഭവം നടന്നത്. രണ്ടാം പ്രതി അഫ്സലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇരിക്കുകയായിരുന്നു പ്രതികള്‍. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഒരു ബൈക്ക് ഒരു മാസം മുമ്പ് പോലീസ് കസ്റ്റഡിലെടുത്തിരുന്നു. മണല്‍ കടത്തിന് എസ്കോര്‍ട്ട് പോകുന്ന വണ്ടിയാണിതെന്നാണ് പോലീസ് പറഞ്ഞത്. ഈ വാഹനത്തിന് അവകാശം പറഞ്ഞ് ആരും സ്റ്റേഷനിലെത്തിയിരുന്നില്ല.
സംഭവസ്ഥലത്ത് മാഫിയാസംഘങ്ങളുടെ വിളയാട്ടം ശക്തമായതോടെ രാത്രി 11-ന് ശേഷം ഹോട്ടലുകളും തട്ടുകടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. സംഭവം നടന്ന ദിവസം പട്രോളിംഗിന് വന്ന പോലീസുകാർ, കട അടഞ്ഞുകിടന്നിട്ടും എന്തിനാണ് ഇവിടെയിരിക്കുന്നതെന്ന് ചോദിച്ചത് വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും എത്തുകയായിരുന്നു.