സെക്രട്ടറി മിണ്ടരുത്! സിപിഎം ഓഫീസ് നിർമാണ വിവാദത്തിൽ പ്രസ്താവനകൾ വിലക്കി ഹൈക്കോടതി
Tuesday, September 5, 2023 4:44 PM IST
തൊടുപുഴ: ഇടുക്കി ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി സി.വി. വർഗീസിന് താക്കീത് നൽകി ഹൈക്കോടതി.
ശാന്തൻപാറയിലെ പാർട്ടി ഓഫീസ് നിർമാണം തടഞ്ഞ കോടതി ഉത്തരവിനെതിരെയോ ജില്ലാ കളക്ടർ, അമിക്കസ് ക്യൂറി എന്നിവർക്കെതിരെയോ സംസാരിക്കാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു.
ഉദ്യോഗസ്ഥർ കോടതി ഉത്തരവ് നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് രേഖാമൂലം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
ഓഫീസ് നിർമാണം തടഞ്ഞ ഉത്തരവിനെതിരായ പ്രസ്താവനകൾ നീതീനിർവഹണത്തിനെതിരായ ഇടപെടലുകളായി കണക്കാക്കേണ്ടിവരുമെന്നും ഇത് ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.