ടീം ഇന്ത്യയ്ക്ക് "പോകാൻ അനുമതിയില്ലാത്ത' പാക്കിസ്ഥാനിലെത്തി ബിസിസിഐ തലവന്മാർ
Monday, September 4, 2023 5:52 PM IST
ലാഹോർ: ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവർ പാക്കിസ്ഥാനിലെത്തി. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ആണ് ഇന്ത്യൻ ക്രിക്കറ്റ് അധികാരികൾ പാക്കിസ്ഥാനിൽ സന്ദർശനം നടത്തുന്നത്.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എസിസി) യോഗത്തിൽ പങ്കെടുക്കാനാണ് വാഗാ അതിർത്തി കടന്ന് ഇരുവരും പാക്കിസ്ഥാനിലേക്ക് പ്രവേശിച്ചത്. അതിർത്തി ഗേറ്റ് നടന്നുകടന്ന ബിന്നിക്കും ശുക്ലയ്ക്കും പാക് അധികൃതർ സ്വീകരണം നൽകി. തുടർന്ന് പാക് അധികൃതർ ഒരുക്കിയ വാഹനത്തിൽ കനത്ത സുരക്ഷയിലാണ് ഇവർ ലാഹോറിലേക്ക് നീങ്ങിയത്.
ഏഷ്യാ കപ്പിലെ ശ്രീലങ്ക - അഫ്ഗാനിസ്ഥാൻ മത്സരം വീക്ഷിക്കാനായി ഇരുവരും ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ എത്തുമെന്നാണ് അറിയിപ്പ്.
പാക് സന്ദർശനത്തിന് രാഷ്ട്രീയമാനമൊന്നും ഇല്ലെന്നും ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ പര്യടനം നടത്തണോ എന്നത് കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ഇരുവരും മാധ്യമങ്ങളെ കണ്ട വേളയിൽ വ്യക്തമാക്കിയിരുന്നു.