തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ സർക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി
Monday, September 4, 2023 2:13 AM IST
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്രസർക്കാരിന് ഒരു പദ്ധതിയുമില്ലെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു പരാമർശം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനായി വൈകിപ്പിക്കാനും സർക്കാരിനു പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പുകൾ വൈകിപ്പിക്കുമെന്നതും നേരത്തെയാക്കുമെന്നതും മാധ്യമങ്ങളുടെ അനുമാനം മാത്രമാണ്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയത്തെപ്പറ്റി പഠിക്കാനായി സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ അന്തിമമാക്കുന്നതിനു മുൻപ് കമ്മിറ്റി ചർച്ചകൾ നടത്തും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അധിർ രഞ്ജൻ ചൗധരിയും ഭാഗമാകണമെന്നായിരുന്നു സർക്കാർ ആഗ്രഹമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
സെപ്റ്റംബർ 18നു ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സർക്കാരിനു വലിയ പദ്ധതികളുണ്ടെന്നു പറഞ്ഞെങ്കിലും എന്താണ് അജൻഡയെന്നു പറയാൻ മന്ത്രി തയാറായില്ല.