ഇസ്രയേലിൽ എറിത്രിയൻ വംശജർ ഏറ്റുമുട്ടി; നൂറിലേറെ പേർക്ക് പരിക്ക്
Sunday, September 3, 2023 6:41 PM IST
ടെൽ അവീവ്: ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലെ സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 39 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഘർഷത്തിൽ പരിക്കേറ്റ എട്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. എറിത്രിയൻ വംശജർ തമ്മിലുള്ള തർക്കം നിയന്ത്രിക്കാനെത്തിയ മുപ്പതോളം ഇസ്രയേലി പോലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
എറിത്രിയൻ എംബസി സംഘടിപ്പിച്ച സർക്കാർ അനുകൂല പരിപാടിയിലേക്ക് ഇരച്ചുകയറാൻ പ്രതിഷേധക്കാർ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. പരിപാടി നടക്കുന്ന വേദിയിലേക്ക് മാർച്ച് ചെയ്തെത്തിയ പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് മറികടന്ന് സർക്കാർ അനുകൂലികളുമായി ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധക്കാരെ സർക്കാർ അനുകൂലികൾ കമ്പുകൾ കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഘർഷം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി കണ്ണീർവാതകം പ്രയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചു. ഒടുവിൽ ആകാശത്തേക്ക് വെടിയുതിർത്താണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
ഇതിനിടെ, സംഘർഷം സൃഷ്ടിച്ച എറിത്രിയൻ വംശജരെ നാടുകടത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കി.
1991 മുതൽ ഇസായിസ് അഫ്വെർക്കി എന്ന ഏകാധിപതി ഭരിക്കുന്ന എറിത്രിയ ആഫ്രിക്കയിലെ ഉത്തര കൊറിയ ആണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. തെരഞ്ഞെടുപ്പുകൾ നടത്താത്ത, പൗരസ്വാതന്ത്ര്യം അനുവദിക്കാത്ത തങ്ങളുടെ മാതൃരാജ്യത്തെ സർക്കാരിനെതിരെ ഇസ്രയേലിൽ വസിക്കുന്ന 20,000-ത്തിൽ പരം എറിത്രിയൻ വംശജർ നിരന്തരം പ്രതിഷേധം സംഘടിപ്പിക്കാറുണ്ട്.