ആടിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാക്കളെ തലകീഴായി കെട്ടിയിട്ട് മർദിച്ചു
Sunday, September 3, 2023 2:11 PM IST
ഹൈദരാബാദ്: തെലുങ്കാനയിൽ ആടിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാക്കളെ തലകീഴായി കെട്ടിയിട്ട് മർദിച്ചു. മഞ്ചേരിയൽ ജില്ലയിലെ മന്ദമാരി ടൗണിലാണ് സംഭവം.
യുവാക്കൾ മോഷണം നടത്തിയെന്ന് സംശയം തോന്നിയ ഉടമയും സഹായികളും ഇവരെ രണ്ടുപേരെയും ഒരു ഷെട്ടിൽ തലകീഴായി കെട്ടിത്തൂക്കി. തുടർന്ന് അടിയിൽ തീയിടുകയും ചെയ്തു.
കനത്ത ചൂടും മർദനവും സഹിക്കവയ്യാതെ ഇവർ നിലവിളിക്കുന്നുണ്ടെങ്കിലും ഫാം ഉടമ മർദനം തുടരുകയായിരുന്നു. തുടർന്ന് കാണാതായ ആടുകൾക്ക് പകരമായി പണം നൽകണമെന്ന് യുവാക്കളോട് ഇവർ ആവശ്യപ്പെട്ടു.
ഏറെ നേരത്തിനു ശേഷം ഇരുവരെയും ഫാം ഉടമ വിട്ടയച്ചു. എന്നാൽ ഇവരിലൊരാൾ ഇതുവരെയും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ എസ്സി/എസ്ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.