യുഎസ് കാപിറ്റോൾ ആക്രമണം; "പ്രൗഡ് ബോയ്സ്' നേതാവിന് 18 വർഷം തടവ്
Saturday, September 2, 2023 7:31 PM IST
വാഷിംഗ്ടൺ ഡിസി: 2020-ലെ പ്രസിഡന്‍ഷ്യൽ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ കാപിറ്റോൾ മന്ദിരം ആക്രമിക്കപ്പെട്ട കേസിൽ തീവ്ര വലത് വിഭാഗമായ "പ്രൗഡ് ബോയ്സി'ന്റെ മുൻ നേതാവ് ഈഥൻ നോർദിയന് 18 വർഷം തടവുശിക്ഷ വിധിച്ച് കോടതി.
കേസിൽ ഒരു പ്രതിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷയെന്ന "റിക്കാർഡി'ലെ പങ്കാളിത്തമാണ് ശിക്ഷാവിധിയിലൂടെ നോർദിയൻ "നേടിയെടുത്തത്'.
2020 ജനുവരി ആറിന് നടന്ന കാപിറ്റോൾ ആക്രമണത്തിന്റെ തലവൻ നോർദിയൻ ആണെന്ന് കേസിന്റെ വാദത്തിനിടെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കാപിറ്റോൾ കെട്ടിടത്തിന്റെ ജനൽച്ചില്ല തല്ലിപ്പൊളിച്ച ഡൊമിനിക് പെസോല എന്നയാൾക്കും നോർദിയനൊപ്പം കോടതി ശിക്ഷ വിധിച്ചു.
പത്ത് വർഷത്തെ തടവുശിക്ഷ ലഭിച്ച പെസോല, "ട്രംപ് ആണ് ജയിച്ചത്' എന്ന മുദ്രാവാക്യം മുഴക്കിയാണ് കോടതിമുറി വിട്ട് പുറത്തിറങ്ങിയത്.