"കിറ്റിൽ വരെ പടം അടിച്ച് കൊടുത്തു'; സംസ്ഥാന സർക്കാരിനെതിരെ സുരേഷ് ഗോപി
Saturday, September 2, 2023 6:32 PM IST
തൃശൂർ: കിറ്റിൽ വരെ പടം അച്ചടിച്ച് കൊടുത്തിട്ടും കേന്ദ്ര ഫണ്ട് ലഭിച്ച പദ്ധതികളിൽ അക്കാര്യം പരസ്യമാക്കാൻ സംസ്ഥാന സർക്കാർ മടിക്കുകയാണെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.
തൃശൂർ നഗരത്തിൽ നിർമിച്ച ആകാശപ്പാതയുടെ ഉദ്ഘാടനത്തിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി പരാമർശിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
കേന്ദ്രമന്ത്രി വി.മുരളീധരനെക്കൂടി ചടങ്ങിൽ പങ്കെടുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല, ആവശ്യം തന്നെയാണ്. ഏത് രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം അവഗണനകൾ ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്. പണ്ട് സിനിമയിൽ പറഞ്ഞതുപോലെ, സ്മരണ വേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
രണ്ട് തവണയായി 270 കോടിയും 251 കോടിയും നൽകിയത് ജനങ്ങൾ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങൾ വിളംബരം ചെയ്ത് തന്നെ നടക്കണോ? കിറ്റിൽ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാൻ ഇത്ര ബുദ്ധിമുട്ട്?
കിറ്റിനകത്തെ പൊരുൾ ആരുടേതായിരുന്നുവെന്നും എല്ലാവർക്കും അറിയാമല്ലോ. ജനങ്ങളിലേക്ക് നിങ്ങൾ അസത്യമെത്തിച്ചോളൂവെന്നും എന്നാൽ സത്യം മൂടിവയ്ക്കരുതെന്നും അദ്ദേഹം പ്രസ്താവിച്ചു.