പോളിഷ് ഹെലികോപ്റ്റർ വ്യോമാതിർത്തി ലംഘിച്ചെന്ന് ബെലാറൂസ്; നിഷേധിച്ച് പോളണ്ട്
Saturday, September 2, 2023 7:57 AM IST
വാർസോ: പോളിഷ് സൈനിക ഹെലികോപ്റ്റർ വ്യോമാതിർത്തി ലംഘിച്ചുവെന്ന ആരോപണവുമായി ബെലാറൂസ്. പോളിഷ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ബെലാറൂസ് പ്രതിഷേധം അറിയിച്ചു. അതേസമയം, ബെലാറൂസിന്റെ ആരോപണം വ്യാജവും പ്രകോപനപരവുമാണെന്ന് പോളണ്ട് കുറ്റപ്പെടുത്തി.
പോളിഷ് എംഐ -24 സൈനിക ഹെലികോപ്റ്റർ അതിർത്തി കടന്ന് വളരെ താഴ്ന്ന ഉയരത്തിൽ പറന്നതായാണ് ബെലാറൂസ് പറയുന്നത്. ഏകദേശം 400 കിലോമീറ്റർ (250 മൈൽ) വരെ വ്യാപിച്ചുകിടക്കുന്ന അതിർത്തിയിലെ ഗ്രോഡ്നോ മേഖലയിലേക്ക് പറന്ന കോപ്റ്റർ പിന്നീടു തിരിച്ചുപറന്നതായും ബെലാറൂസ് സ്റ്റേറ്റ് ബോർഡർ കമ്മീഷൻ പറഞ്ഞു.
എന്നാൽ അത്തരമൊരു ലംഘനം ഉണ്ടായിട്ടില്ലെന്ന് പോളണ്ട് സായുധ സേനയുടെ ഓപ്പറേഷണൽ കമാൻഡ് വക്താവ് ജാസെക് ഗോറിസ്സെവ്സ്കി പറഞ്ഞു. അതേസമയം, ഒരു ഹെലികോപ്റ്റർ അതിർത്തിക്ക് കുറുകെ പറക്കുന്നതായി കാണിക്കുന്ന വീഡിയോ ബെലാറഷ്യൻ ബോർഡർ സർവീസ് ടെലിഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ബെലാറൂസ്. യുക്രെയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിൽ എല്ലാ സഹായവും ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകഷെൻകോ നൽകുന്നുണ്ട്. ഇത് ബെലാറൂസ്-പോളണ്ട് ബന്ധം വഷളാക്കിയിരുന്നു.