ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; ഒരാൾ അറസ്റ്റിൽ
Friday, September 1, 2023 5:34 AM IST
ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല സന്ദേശങ്ങൾ എഴുതിയതുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാളെ കസ്റ്റഡിയിലെടുത്തു.
പ്രീത് പാൽ എന്നയാളാണ് അറസ്റ്റിലായത്. രാജ്വീന്ദർ സിംഗിനെയാണ് കസ്റ്റഡിയിലെടുത്തത്. സിഖ്സ് ഫോർ ജസ്റ്റീസ് (എസ്എഫ്ജെ) സംഘടനയുടെ തലവൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ നിർദേശപ്രകാരമാണ് ഇപ്രകാരം ചെയ്തതെന്ന് ഇവർ പോലീസിന് മൊഴി നൽകി
ഓഗസ്റ്റ് 27-ന് ശിവാജി പാർക്ക്, മാഡിപൂർ, പശ്ചിമ വിഹാർ, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ സ്റ്റേഡിയം മെട്രോ സ്റ്റേഡിയങ്ങളുടെ ചുവരുകളിലാണ് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. നംഗ്ലോയിയിലെ ഒരു സർക്കാർ സ്കൂളിന്റെ മതിലിലും ഇവ കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് 26ന് ഡൽഹിയിലെത്തിയ പ്രീത് പാലും രാജ്വീന്ദർ സിംഗും രാത്രിയാണ് മെട്രോ സ്റ്റേഷന്റെ ചുവരുകളിൽ എഴുതിയത്. പിറ്റേന്ന് അവർ പഞ്ചാബിലേക്ക് തിരിച്ചു. പഞ്ചാബിലെ ബർണാലയിൽ നിന്നാണ് അവർ പെയിന്റ് വാങ്ങിയതെന്ന് സ്പെഷ്യൽ സെല്ലിലെ സ്പെഷ്യൽ പോലീസ് കമ്മീഷണർ എച്ച്ജിഎസ് ധലിവാൾ പറഞ്ഞു.
നേരത്തെ, റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി, വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാർ, പീരഗർഹി എന്നിവയുൾപ്പെടെ പടിഞ്ഞാറൻ ഡൽഹിയിലെ ചില പ്രദേശങ്ങളിലെ ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.