കടലിൽവീണ മത്സ്യതൊഴിലാളിയെ കണ്ടെത്താനായില്ല
Thursday, August 31, 2023 5:13 AM IST
വിഴിഞ്ഞം: മീൻ പിടിത്തത്തിനിടയിൽ വള്ളത്തിൽനിന്ന് കടലിലേയ്ക്കുവീണ മത്സ്യത്തൊഴിലാളിക്കായുള്ള അന്വേഷണത്തിന് തീരസംരക്ഷണ സേനയുടെ കപ്പൽ ആര്യമാൻ രംഗത്തിറങ്ങി.
കൊച്ചിയിൽനിന്ന് കഴിഞ്ഞ ദിവസം മുതൽ ഉൾക്കടൽ മുഴുവനും തെരച്ചിൽ നടത്തുന്ന ആര്യമാനും ഹെലികോപ്റ്ററിനും കടലിലേയ്ക്കു വീണ അഞ്ചുതെങ്ങ് മുരുക്കുവിളാകം വീട്ടിൽ ഷിബു (35)വിനെ കണ്ടെത്താനായില്ല. കോവളം ലൈറ്റ് ഹൗസിനും പടിഞ്ഞാറുമാറി പതിനഞ്ച് നോട്ടിക്കൽ ഉൾക്കടലിലാണ് അപകടമുണ്ടായത്.
തമിഴ്നാട് സ്വദേശി ഗിൽബർട്ടിന്റെ നോറാ എന്ന ബോട്ടിൽ ഇരയിമ്മൻതുറ തേങ്ങാപ്പട്ടണം തുറമുഖത്തുനിന്ന് ഇക്കഴിഞ്ഞ 28-നാണ് ഷിബു ഉൾപ്പെട്ട പന്ത്രണ്ടംഗ സംഘം മീൻ പിടിക്കാൻ ഉൾക്കടലിലേയ്ക്ക് പുറപ്പെട്ടത്.
29ന് രാവിലെ ഒൻപതരയോടെ ഭക്ഷണം കഴിച്ചശേഷം വെള്ളത്തിലേക്കുവീണ ഷിബുവിനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ബന്ധുക്കൾ അറിയിച്ചതിനെ തുടർന്നു മറൈൻ ആംബുലൻസിലും തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ കാറ്റും കടൽക്ഷോഭവും തെരച്ചിലിനെ ബാധിച്ചു.
തീരത്തുനിന്നും ഏതാണ്ട് മുപ്പത് കിലോമീറ്റർ ഉള്ളിലെ അപകടസ്ഥലം വരെ എത്താനും ഇന്നലെ മറൈൻ ആംബുലൻസിനായില്ല. ഉൾക്കടലിൽ ആയതിനാൽ വിവരം തീരസംരക്ഷണ സേനയ്ക്ക് കൈമാറി.
കോസ്റ്റ് ഗാർഡിന്റെ കൊച്ചിയിൽ നിന്നുളള ആര്യമാൻ എന്ന കപ്പലും ഹെലികോപ്റ്ററും തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇന്നലെ വൈകുന്നേരംവരെ ഷിബുവിനെ കണ്ടെത്താനായിട്ടില്ല.