ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ഐഡാലിയ ചുഴലിക്കാറ്റ്
Wednesday, August 30, 2023 11:08 PM IST
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ നിശ്ചലമാക്കി "ഐഡാലിയ' ചുഴലിക്കാറ്റ്. 80 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി.
ചുഴലിക്കാറ്റിനെത്തുടർന്ന് 2,50,000 വീടുകളിലെ വൈദ്യുതബന്ധം തകരാറിലായി. പല മേഖലകളിലും മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. പല പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ചില കെട്ടിടങ്ങളിൽ തീപിടിത്തവും റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റെൻഹാചി മേഖലയിലെ നദിയിലെ ജലനിരപ്പ് ഒരു മണിക്കൂർ കൊണ്ട് ഒരടിയിൽ നിന്ന് എട്ടടി ആയി ഉയർന്നു
അപകടഭീഷണി നിലനിന്നിരുന്നതിനാൽ 990 വിമാന സർവീസുകൾ നേരത്തെതന്നെ റദ്ദാക്കിയിരുന്നു. 5,500 നാഷണൽ ഗാർഡ് സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
ചുഴലിക്കാറ്റിനിടെയുണ്ടായ റോഡപകടത്തിൽ രണ്ട് പേർ മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഇക്കാര്യം നിഷേധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചുഴലിക്കാറ്റ് മൂലം മരണസഖ്യയിൽ "മാറ്റം വരാൻ' സാധ്യതയുണ്ടെന്നും ഡിസാന്റിസ് അറിയിച്ചു.
ഇതിനിടെ, ഗവർണറുടെ വസതിയുടെ മുകളിലേക്ക് 100 വർഷം പഴക്കമുള്ള ഓക്ക് മരം കടപുഴകി വീണതായി ഡിസാന്റിസിന്റെ പത്നി കെയ്സി ഡിസാന്റിസ് എക്സിൽ കുറിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.