വാഗ്നർ തലവൻ പ്രിഗോഷിന്റെ വിമാനം വെടിവച്ചിട്ടതാകാമെന്ന് റഷ്യ
Wednesday, August 30, 2023 8:36 PM IST
മോസ്കോ: വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ സൂചനകൾ നൽകി റഷ്യ.
പ്രിഗോഷിൻ സഞ്ചരിച്ചിരുന്ന ചെറുവിമാനം മനഃപൂർവം തകർത്തതാകാമെന്ന വാദത്തെ അനുകൂലിക്കുന്ന തരത്തിലുള്ള ആദ്യ പരസ്യപ്രസ്താവനയുമായി ക്രെംലിന്റെ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്കോവ് രംഗത്തെത്തി.
പ്രിഗോഷിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിവിധ "വാദങ്ങൾ' അന്വേഷണസംഘം പരിഗണിക്കുന്നുണ്ടെന്ന് പെസ്കോവ് അറിയിച്ചു. ഇതാദ്യമായി ആണ് പ്രിഗോഷിന്റെ വിമാനം തകർത്താകാമെന്ന സൂചന ക്രെംലിൻ അധികൃതർ നൽകുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് അനഭിമിതനായിരുന്ന പ്രിഗോഷിനെ റഷ്യ കൊലപ്പെടുത്തിയതാകാമെന്ന് നേരത്തെതന്നെ ആരോപണമുണ്ടായിരുന്നു.
ഓഗസ്റ്റ് 23-നാണ് പ്രിഗോഷിൻ ഉൾപ്പെടെ 10 പേർ സഞ്ചരിച്ചിരുന്ന എംബ്രേർ ചെറുവിമാനം ട്വേയർ മേഖലയിൽ വച്ച് തകർന്നുവീണത്. വിമാനം തകർന്നുവീഴുന്നതിന് മുമ്പ് ആകാശത്ത് നിന്ന് സ്ഫോടനത്തിന് സമാനമായ വൻ ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ അറിയിച്ചിരുന്നു.