യുദ്ധക്കപ്പൽ "മഹേന്ദ്രഗിരി' വെള്ളിയാഴ്ച നീറ്റിലിറങ്ങും
Wednesday, August 30, 2023 6:38 PM IST
മുംബൈ: ഇന്ത്യ നിർമിച്ച ഏറ്റവും പുതിയ യുദ്ധക്കപ്പൽ "മഹേന്ദ്രഗിരി' വെള്ളിയാഴ്ച നീറ്റിലിറങ്ങും. മുംബൈയിലെ മസഗോൺ ഡോക്കിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ പത്നി സുധേഷ് ധൻകർ കപ്പൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.
നീറ്റിലിറങ്ങിയ ശേഷം "ഐഎൻഎസ് മഹേന്ദ്രഗിരി' എന്ന പേര് സ്വീകരിക്കുന്ന യുദ്ധക്കപ്പൽ ഇന്ത്യയുടെ പ്രൊജക്ട് 17 - എ യുദ്ധക്കപ്പൽ നിർമാണപദ്ധതിയിലെ ഏഴാമത്തെ യാനമാണ്. പദ്ധതിയിലെ ആറാം കപ്പലായ വിന്ധ്യഗിരി ഓഗസ്റ്റ് 17-ന് രാഷ്ട്രപതി ദ്രൗപദി മുർമു ലോഞ്ച് ചെയ്തിരുന്നു.
ആധുനിക സ്റ്റെൽത്ത് ഫീച്ചറുകൾ, ആയുധങ്ങൾ, സെൻസറുകൾ എന്നിവ ഘടിപ്പിക്കുന്ന കപ്പലുകളാണ് പ്രൊജക്ട് 17 - എയുടെ ഭാഗമായി ഇന്ത്യ നിർമിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന നടത്തുന്ന നാവികനീക്കങ്ങൾക്ക് തടയിടാനുള്ള ഇന്ത്യയുടെ ബൃഹദ് സൈനിക പദ്ധതിയുടെ ഭാഗമാണ് പ്രൊജക്ട് 17 - എ.