എകെജി സെന്റർ പട്ടയഭൂമിയിലാണ്; എം.വി. ഗോവിന്ദന് കുഴൽനാടന്റെ മറുപടി
Wednesday, August 30, 2023 5:40 PM IST
കോട്ടയം: എകെജി സെന്റർ പട്ടയഭൂമിയിലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഭൂനിയമം ലംഘിച്ചു നിൽക്കുന്ന ഏറ്റവും വലിയ നിർമിതി എകെജി സെന്ററാണെന്നും വാർത്താസമ്മേളനത്തിൽ കുഴൽനാടൻ ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുകമറ ഉണ്ടാക്കാനാണ് ഗോവിന്ദന്റെ ശ്രമം. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണ്. ലൈസൻസ് പ്രകാരമാണ് താൻ ഹോം സ്റ്റേ നടത്തിയത്. വീണാ വിജയന് പ്രതിരോധം തീർക്കാനാണ് സിപിഎം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.എൻ. മോഹനനും സി.വി. വർഗീസിനും വരവിൽ കവിഞ്ഞ സ്വത്തില്ലേ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയില്ലെന്ന് പറയാനുള്ള ആർജവം ഗോവിന്ദന് ഉണ്ടോ എന്നും കുഴൽനാടൻ ചോദിച്ചു.
എം.വി. ഗോവിന്ദന്റെ ചോദ്യങ്ങൾക്കുള്ള മാത്യു കുഴൽനാടന്റെ മറുപടി:-
1. പാർപ്പിട ആവശ്യത്തിനു പണിത കെട്ടിടമാണ് ചിന്നക്കനാലിലേത്, നിയമലംഘനമല്ല. എകെജി സെന്റർ ഭൂനിയമം ലംഘിച്ച് പട്ടയഭൂമിയിൽ നിർമിച്ചത്.
2. ചിന്നക്കനാലിൽ ഭൂമി വാങ്ങിയതിൽ നികുതി വെട്ടിപ്പില്ല. നിർമാണ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മൂല്യം കൂട്ടി കാണിച്ചത്.
3. അഭിഭാഷകവൃത്തിക്കൊപ്പം ബിസിനസ് ചെയ്തിട്ടില്ല.
4. ഭൂമി മണ്ണിട്ട് ക്രമവിരുദ്ധമായി നികത്തിയില്ലെന്നത് ദൃശ്യങ്ങൾ സഹിതം തെളിയിച്ചിരുന്നു.
5. വരവിൽകവിഞ്ഞ സ്വത്തില്ല. എം.വി. ഗോവിന്ദന് നേരിട്ട പരിശോധിക്കാം.
6. ഫെമ നിയമം ലംഘിച്ചിട്ടില്ല.
7. ചിന്നക്കനാലിലെ ഹോംസ്റ്റേ ലൈസൻസ് പ്രകാരം.
കുഴൽനാടനോട് ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾ ഇവയായിരുന്നു:-
1. ചിന്നക്കനാലിൽ വൻതോതിൽ നികുതി വെട്ടിപ്പ് നടത്തിയതിന് വിശദീകരണം നൽകുമോ?
2. ഭൂനിയമം ലംഘിച്ച് റിസോർട്ട് നടത്തിയതു വിശദീകരിക്കുമോ?
3. വ്യാവസായിക അടിസ്ഥാനത്തിൽ റിസോർട്ട് നടത്തിയ ശേഷം സ്വകാര്യ ഗസ്റ്റ്ഹൗസാണെന്ന് കള്ളം പറഞ്ഞതെന്തിന്?
4. സ്വകാര്യഭൂമി അനധികൃതമായി മണ്ണിട്ട് നികത്തിയതെങ്ങനെ?
5. അഭിഭാഷകവൃത്തിയോടൊപ്പം ബിസിനസ് നടത്തിയത് എന്തിന്?
6. വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചതെങ്ങനെ?
7. ഒന്പത് കോടിയുടെ വിദേശനിക്ഷേപത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടുണ്ടോ?