പ്രിഗോഷിന്റെ സംസ്കാരം രഹസ്യമായി നടത്തിയെന്ന് റിപ്പോർട്ട്
Wednesday, August 30, 2023 5:32 AM IST
മോസ്കോ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട വാഗ്നർ മുൻ മേധാവി യെവ്ജനി പ്രിഗോഷിന്റെ സംസ്കാരം നടത്തി. സ്വദേശമായ സെന്റ്. പീറ്റേഴ്സ്ബർഗിൽ രഹസ്യമായാണ് ചടങ്ങുകൾ നടന്നത്.
പൊറോഖോവ്സ്കോയ് സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചതെന്നാണ് സൂചന. ഈ സെമിത്തേരി അദ്ദേഹത്തിന്റെ അനുയായികൾ വളയുകയും ഇവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്തിരുന്നു. എന്നാൽ ഒരു എഎഫ്പി ഫോട്ടോഗ്രാഫറാണ് ഈ വിവരം കണ്ടെത്തിയത്.
എന്നാൽ സെന്റ് പീറ്റേഴ്സ്ബർഗിന്റെ വടക്കുകിഴക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു സെമിത്തേരിയിലാണ് ചടങ്ങുകൾ നടന്നതെന്ന് പ്രിഗോഷിന്റെ പ്രസ് സർവീസ് അറിയിച്ചു. പ്രിഗോഷിന്റെ വിടവാങ്ങൽ ചടങ്ങുകൾ രഹസ്യമായാണ് നടന്നത്. അദ്ദേഹത്തോട് വിടപറയാൻ ആഗ്രഹിക്കുന്നവർക്ക് പൊറോഖോവ്സ്കോയ് സെമിത്തേരി സന്ദർശിക്കാമെന്നും പ്രസ് സർവീസ് അറിയിച്ചു.
അതേസമയം, പ്രിഗോഷിന്റെ രഹസ്യ ശവസംസ്കാരം പുടിന്റെ യഥാർഥ ഭയത്തിന്റെ സമ്പൂർണ പ്രതീകമാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് അഭിപ്രായപ്പെട്ടു.