"സെൻസസ് നടത്താനുള്ള അധികാരം കേന്ദ്രത്തിന് മാത്രം'; ബിഹാറിലെ ജാതി സർവേയ്ക്കെതിരെ സർക്കാർ
Tuesday, August 29, 2023 7:05 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ സെൻസസിന് സമാനമായ പദ്ധതികളും കണക്കെടുപ്പുകളും നടപ്പിലാക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണെന്ന് സോളിസിറ്റർ ജനറൽ.
ബിഹാറിലെ ജാതി സർവേ സംബന്ധിച്ച ഹർജിയിന്മേൽ മറുപടി നൽകവേയാണ് കേന്ദ്രം സർക്കാരിനായി അദ്ദേഹം ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
നേരത്തെ, ജാതി സർവേ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാനായി കോടതി സമയം അനുവദിച്ചിരുന്നു. ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കുന്നതിനിടെയാണ് സർക്കാർ തങ്ങളുടെ "സർവേ പരമാധികാരം' വെളിവാക്കുന്ന പ്രസ്താവന നടത്തിയത്.
ബിഹാറിൽ ജാതി സർവേ നടത്തുന്നതിന് പാറ്റ്നാ ഹൈക്കോടതി നൽകിയ അനുമതിക്കെതിരായ ഹർജിയിന്മേൽ നിലവിൽ വിധി പ്രസ്താവിക്കുന്നില്ലെന്നും ഏതെങ്കിലും പക്ഷം പിടിക്കാതെ കാര്യങ്ങൾ മനസിലാക്കാനാണ് ശ്രമമെന്നും കോടതി വ്യക്തമാക്കി.