വില്ലൻ ആർസിബി ജഴ്സിയിൽ; ജയിലറിലെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
Tuesday, August 29, 2023 3:34 AM IST
ന്യൂഡൽഹി: രജനികാന്ത് സിനിമ ജയിലറിൽ നിന്ന് ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജഴ്സി നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി. സിനിമയിൽ നിന്ന് ജഴ്സി നീക്കം ചെയ്യാമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ കോടതിയെ അറിയിച്ചു.
സിനിമയിൽ ആർസിബി ജഴ്സിയണിഞ്ഞ വില്ലനെ കാണിച്ചതും ഈ വില്ലൻ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞതും ക്ലബിന് മാനനഷ്ടമുണ്ടാ ക്കിയതായി കാണിച്ച് ആർസിബി ഉടമകളായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ജയിലർ നിർമാതാക്കളായ സൺ ടിവി നെറ്റ്വർക്കിനും കലാനിധി മാരനും എതിരായായിരുന്നു പരാതി.
സെപ്റ്റംബർ ഒന്നിനു മുൻപ് ജഴ്സി എഡിറ്റ് ചെയ്ത് മാറ്റുകയോ മറ്റേതെങ്കിലും തരത്തിൽ മറയ്ക്കുകയോ ചെയ്യണമെന്ന് ഇവർക്ക് കോടതി നിർദേശം നൽകി. സെപ്റ്റംബർ ഒന്ന് മുതൽ ഒരു തീയറ്ററിലും ആർസിബി ജഴ്സി പ്രദർശിപ്പിക്കാൻ പാടില്ല എന്നും കോടതി നിർദ്ദേശിച്ചു.