വിഎച്ച്പിയുടെ ജലാഭിഷേക ശോഭായാത്ര ഇന്ന്; നൂഹ് വീണ്ടും ഭീതിയിൽ
Monday, August 28, 2023 8:03 AM IST
ന്യൂഡൽഹി: വർഗീയ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹ് ജില്ല വീണ്ടും ഭീതിയുടെ മുൾമുനയിൽ. ഇന്ന് ജലാഭിഷേക ശോഭായാത്ര നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചതോടെയാണ് സംഘർഷസാധ്യതയുണ്ടാകുമോയെന്ന ഭീതി ഉയരുന്നത്.
പരിപാടിക്ക് അനുമതി നിഷേധിച്ച് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യാത്രയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമില്ലെന്ന് വിഎച്ച്പി നേതാവ് ഡോ. സുരേന്ദ്ര കുമാർ ജെയിൻ പറഞ്ഞു.
ഇതോടെ മൊബൈൽ ഇന്റർനെറ്റ് വിലക്കും എസ്എംഎസ് നിയന്ത്രണവും ഏർപ്പെടുത്തിയ നൂഹിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ അടച്ചിടാനും കർശന നിർദേശമുണ്ട്.
നൂഹിലേക്ക് എത്തുന്ന വിഎച്ച്പി പ്രവർത്തകരെ തടയാൻ സോഹ്ന -നൂഹ് ടോൾ പ്ലാസയിൽ ഹരിയാന പോലീസിനെ വിന്യസിച്ചിട്ടുണ്ട്. നൂഹ് ക്ഷേത്രത്തിലെ ജലാഭിഷേക ചടങ്ങിനു മാത്രമാണ് അനുമതിയെന്നും വിഎച്ച്പി യാത്രക്ക് അനുമതി നൽകിയിട്ടില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ മൂന്നു മുതൽ ഏഴു വരെ നടക്കുന്ന ജി 20 ഷെർപ്പ ഗ്രൂപ്പ് മീറ്റിംഗിന്റെ പശ്ചാത്തലത്തിലാണ് ശോഭായാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് ഹരിയാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് അറിയിച്ചിട്ടുണ്ട്. ജൂലൈ 31ന് യാത്രയെ തുടർന്നുണ്ടായ വർഗീയ സംഘർഷം കാരണമാണ് ഈ തീരുമാനമെടുത്തതെന്നും ഡിജിപി ശത്രുജിത് കപൂർ അറിയിച്ചു